Wednesday, August 10, 2011

Order


എയ്ഡഡ് മേഖലയില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരില്‍ കോടതിയില്‍ കേസ് നിലവിലുള്ള 695 പേര്‍ ഒഴികെയുള്ള 2920 അധ്യാപകര്‍, സംരക്ഷിത പദവിയുള്ള 3083 പേര്‍, തലയെണ്ണലില്‍ ഈ വര്‍ഷം വരെ തസ്തിക നഷ്ടമായ 4500 പേര്‍ എന്നിങ്ങനെ 10503 പേരുടെ പ്രശ്‌നങ്ങളെയും ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളെയും ആസ്‌പദമാക്കിയാണ് പദ്ധതി. ഇതനുസരിച്ച് 2920 പേര്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ശമ്പളം നല്‍കും. മറ്റുള്ളവര്‍ക്ക് പുനര്‍നിയമനം നല്‍കുന്ന ദിവസം തൊട്ട് ശമ്പളം ലഭിക്കും. പുനര്‍നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ ചൊവ്വാഴ്ച സ്‌കൂള്‍ മാനേജര്‍മാരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തും. ഇതിന് വിദ്യാഭ്യാസ മന്ത്രി കണ്‍വീനറായി മന്ത്രിതല സമിതിയെ നിയോഗിച്ചു.
പാക്കേജിലെ പ്രധാന നിര്‍ദേശങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.
  1. ശമ്പളമില്ലാത്ത 2920 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഈ വര്‍ഷം മുതല്‍ നിയമനാംഗീകാരം. 695 പേരുടേത് കോടതി വിധിക്ക് വിധേയമായി നടപ്പാക്കും.
  2. 1996 മുതല്‍ 2011 വരെ കുട്ടികളുടെ തലയെണ്ണല്‍ മൂലം ജോലി നഷ്ടമായ 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം.
  3. തലയെണ്ണല്‍ അവസാനിപ്പിച്ചു. പകരം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം പ്രയോജനപ്പെടുത്തും.
  4. 'സംരക്ഷിത അധ്യാപകര്‍' എന്ന വിഭാഗം ഇനിയുണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക്.
  5. അധ്യാപക വിദ്യാര്‍ഥി അനുപാതം അഞ്ചാം ക്ലാസ് വരെ 1:30. 6-10 ക്ലാസില്‍ 1:35. സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതേ അനുപാതമായിരിക്കും.
  6. 2010-11 വര്‍ഷത്തെ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി സ്ഥിരം സ്റ്റാഫ് ഫിക്‌സേഷന്‍. കുട്ടികളുടെ എണ്ണമനുസരിച്ച് അധ്യാപക തസ്തിക മാറില്ല.
  7. എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അംഗീകൃത തസ്തികകളില്‍ മാത്രം. പ്രതീക്ഷിക്കുന്ന ഒഴിവുകളില്‍ മുന്‍കൂര്‍ നിയമനം നിരോധിച്ചു.
  8. 150 കുട്ടികളുള്ള എല്‍.പിയിലും 100 കുട്ടികളുള്ള യു.പിയിലും പുതിയ പ്രധാനാധ്യാപക തസ്തിക. എല്‍.പിയില്‍ 1322 ഉം യു.പിയില്‍ 1355 ഉം സ്‌കൂളുകള്‍ക്ക് നേട്ടം. പ്രധാനാധ്യപകനെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കി.
  9. നിയമനാവകാശമുള്ളതും ജോലി നഷ്ടപ്പെട്ടവരുമായ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് സ്‌കൂള്‍ തലത്തില്‍ തയാറാക്കും. ഓരോ സ്‌കൂളിനും അധികം വരുന്ന ഒഴിവുകള്‍ തിട്ടപ്പെടുത്തി നിയമനം നടത്താം. ഇതില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 2920 അധ്യാപകര്‍, പ്രൊട്ടക്റ്റഡ് ടീച്ചര്‍, സീനിയോറിറ്റി പ്രകാരമുള്ള അവകാശികള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഈ നിയമനങ്ങള്‍ക്ക് ഓണ്‍ലൈനായി അംഗീകാരം നല്‍കും.
  10. ഓരോ സ്‌കൂളും ഒഴിവുള്ള തസ്തികകള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം. ഇതിന്റെ ചുമതല പ്രഥമാധ്യാപകനാണ്. എയ്ഡഡ് സ്‌കൂളുകളിലെ മൊത്തം ഒഴിവുകള്‍ ക്രോഡീകരിച്ച് പി.എസ്.സി മാതൃകയില്‍ വിജ്ഞാപനം ചെയ്യും. വിജ്ഞാപനം ചെയ്ത ഒഴിവുകള്‍ മാത്രം നികത്താം. അപേക്ഷ നല്‍കേണ്ടതും നിയമിക്കേണ്ടതും മാനേജര്‍മാര്‍. നിയമന വിവരങ്ങളും അംഗീകാരവും ഓണ്‍ലൈനില്‍.
  11. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ശമ്പളബില്ലുകള്‍ ഒപ്പിടാനുള്ള അധികാരം ഡി.ഇ.ഒ/ എ.ഇ.ഒമാര്‍ക്ക് പകരം അതത് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് നല്‍കി. ശമ്പള ബില്‍ തയാറാക്കാന്‍ സോഫ്ട്‌വെയര്‍.
  12. പുതിയ അധ്യാപക നിയമനങ്ങള്‍ക്ക് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) നിര്‍ബന്ധമാക്കി.
  13. സ്‌കൂളുകളില്‍ നിന്ന് സ്‌പെഷലിസ്റ്റ് അധ്യാപക തസ്തിക എടുത്തുമാറ്റും. പകരം കേന്ദ്രീകൃത നിയമനം. നിലവിലുള്ളവര്‍ക്ക് പുറമെ 2752 അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് വിന്യാസിക്കും.
  14. എല്ലാ അധ്യാപകര്‍ക്കും രണ്ട് മാസത്തെ തീവ്ര പരിശീലനം. നിലവിലുള്ള ക്ലസ്റ്റര്‍ പരിശീലനം തുടരും. മൂന്നുവര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കും.
  15. അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ ജില്ലാതലത്തില്‍ മോണിറ്ററിങ് അതോറിറ്റി. മൂന്നുവര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തും. മോശം അധ്യാപകര്‍ സ്വന്തം ചെലവില്‍ വീണ്ടും പരിശീലനം നേടണം.
  16. ഹ്രസ്വകാല ഒഴിവുകളും ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് നികത്തും. ഒരൊഴിവിന് അഞ്ചുപേരുടെ ലിസ്റ്റ് ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് ലഭ്യമാക്കും. ഇതിലൊരാളെ സ്‌കൂള്‍ മാനേജര്‍ക്ക് / മാനേജ്‌മെന്റ് കമ്മിറ്റിക്ക് നിയമിക്കാം.
  17. പദ്ധതിയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ ഐടി@ സ്‌കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ സമഗ്ര വിവരവ്യൂഹം.
  18. പരിഷ്‌കരണത്തിന് മൊത്തം ചെലവ് പ്രതിവര്‍ഷം 264 കോടി രൂപയാണ്. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിനാല്‍ സംസ്ഥാനത്തിന്റെ അധിക സാമ്പത്തിക ബാധ്യത വെറും 6.68 രൂപ മാത്രം.

യോഗ്യതയും അവകാശവുമില്ലാതെ നിയമിക്കപ്പെട്ടവരുടെ കാര്യത്തില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതില്‍ സര്‍ക്കാറിന് ബാധ്യതയില്ല. അധ്യാപക സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. സംഘടനകളുടെയും മാനേജ്‌മെന്റിന്റെയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മാനേജ്‌മെന്റുകളുടെ ഒരു അവകാശവും സര്‍ക്കാര്‍ എടുത്തിട്ടില്ല. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ജയിംസ് വര്‍ഗീസും പുതിയ സെക്രട്ടറി എം. ശിവശങ്കരനും ചേര്‍ന്ന് തയാറാക്കിയ പദ്ധതി മന്ത്രിസഭായോഗത്തില്‍ അവര്‍ തന്നെയാണ് അവതരിപ്പിച്ചത്.

ഇതുവരെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഇനിയങ്ങോട്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശംസകള്‍

എല്ലാവര്‍ക്കും എന്റെ ബ്ലോഗിലേക്ക് സ്വാഗതം
എങ്ങനെയുണ്ട് ചിത്രം ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണേ.